This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രിസോസ്റ്റോം, ജോണ്‍ (വിശുദ്ധ)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രിസോസ്റ്റോം, ജോണ്‍ (വിശുദ്ധ)

Chrisostom, John St. (349 - 407)

റോമന്‍ കത്തോലിക്കാസഭയിലെ ഒരു വേദശാസ്ത്രപണ്ഡിതന്‍. ഇസ്താംബൂളിലെ പാത്രിയാര്‍ക്കിസ് ആയിരുന്ന ഇദ്ദേഹം ദേവാലയ പ്രഭാഷകരുടെ മധ്യസ്ഥനായി വണങ്ങപ്പെടുന്നു.

എ.ഡി. 349-ല്‍ അന്ത്യോഖ്യയില്‍ ജനിച്ചു. 18-ാമത്തെ വയസ്സില്‍ അന്ത്യോഖ്യയിലെ ബിഷപ്പായ മെലെത്തിയൂസിന്റെ ശിഷ്യത്വം സ്വീകരിച്ചു. എ.ഡി. 368-ലെ ഈസ്റ്റര്‍ ദിനത്തില്‍ മാമ്മോദീസ സ്വീകരിച്ച ക്രിസോസ്റ്റോം സന്ന്യാസി ആകാനുള്ള ആഗ്രഹത്തോടെ അന്ത്യോഖ്യയ്ക്കടുത്തുള്ള ഒരു ഗുഹയില്‍ തപശ്ചര്യകളനുഷ്ഠിച്ചു ജീവിതം ആരംഭിച്ചു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് അന്ത്യോഖ്യയിലേക്കു തിരിച്ചുവന്നു. എ.ഡി. 381-ല്‍ മെലെത്തിയൂസ് ഇദ്ദേഹത്തിന് ഡീക്കന്‍ പദവി നല്കി. 386-ല്‍ വൈദികപട്ടം ലഭിച്ചു. 387-ല്‍ ചക്രവര്‍ത്തിക്കെതിരെ പ്രക്ഷോഭണമാരംഭിച്ച അന്ത്യോഖ്യാനിവാസികള്‍ അക്രമമാര്‍ഗത്തിലേക്ക് തിരിഞ്ഞപ്പോള്‍ അവരെ, തന്റെ പ്രഭാഷണ ചാതുരികൊണ്ട് സമാധാനത്തിന്റെ മാര്‍ഗത്തിലേക്കു കൊണ്ടു വരാന്‍ ക്രിസോസ്റ്റോമിന് കഴിഞ്ഞു. ഇത് അന്ത്യോഖ്യയില്‍ ഇദ്ദേഹത്തിന്റെ ഖ്യാതി വര്‍ധിപ്പിച്ചു. മതപരമായ കാര്യങ്ങളിലുള്ള അപാരപാണ്ഡിത്യവും വാഗ്മിത്വവുംമൂലമാണ് ക്രിസോസ്റ്റോം (സ്വര്‍ണജിഹ്വ) എന്ന അപരനാമം ഇദ്ദേഹത്തിനു ലഭിച്ചത്.

എ.ഡി. 398-ല്‍ ഇസ്താംബൂളിലെ പാത്രിയാര്‍ക്കിസ് ആയി ക്രിസോസ്റ്റോം നിയമിക്കപ്പെട്ടു. പൌരസ്ത്യ റോമാ ചക്രവര്‍ത്തിയായിരുന്ന ആര്‍ക്കേഡിയസ് (Arcadius) താത്പര്യം കാണിച്ചതിന്റെ ഫലമായിട്ടായിരുന്നു ഈ നിയമനം. 398 ഫെ. 26-ന് ക്രിസോസ്റ്റോം ബിഷപ്പായി അവരോധിക്കപ്പെട്ടു. വൈദികര്‍ക്കിടയില്‍ നിലനിന്നിരുന്ന ദുഷിച്ച ജീവിതരീതി ഉന്മൂലനം ചെയ്യാന്‍ ക്രിസോസ്റ്റോം ശക്തമായ നടപടികള്‍ സ്വീകരിച്ചു. ഈ നടപടി ഇദ്ദേഹത്തിന് ധാരാളം ശത്രുക്കള്‍ ഉണ്ടാകുന്നതിന് കാരണമായിത്തീര്‍ന്നു. സാമൂഹികജീവിതത്തിലെ എല്ലാ തലങ്ങളിലും നിലനിന്ന മലിനജീവിതത്തെ നിശിതമായി വിമര്‍ശിച്ചിരുന്ന ഇദ്ദേഹത്തെ ചക്രവര്‍ത്തിനി യൂദോക്സിയ (Eudoxia) വെറുത്തിരുന്നു. ഈ അവസരം ഉപയോഗിച്ച് ക്രിസോസ്റ്റോമിനെ നശിപ്പിക്കാന്‍ എതിരാളികള്‍ കിണഞ്ഞുശ്രമിച്ചു. ക്രിസോസ്റ്റോം ഇല്ലാതിരുന്ന തക്കം നോക്കി ഗബാല(Gabala)യിലെ ബിഷപ്പായിരുന്ന സെവേരിയന്‍ (Severian) ഇസ്താംബൂളില്‍ കടന്ന് ക്രിസോസ്റ്റോമിന്റെ എതിരാളികളായ ബിഷപ്പുമാരെ സംഘടിപ്പിച്ച് അദ്ദേഹത്തിനെതിരെ ശക്തമായ പൊതുജനാഭിപ്രായം രൂപീകരിച്ചു. ഇതിനിടെ അലക്സാണ്ട്രിയയിലെ പാത്രിയാര്‍ക്കീസ് ആയിരുന്ന തെയോഫിലസും ക്രിസോസ്റ്റോമിന്റെ ശത്രുവായിത്തീര്‍ന്നു. എ.ഡി. 403-ല്‍ തെയോഫിലിസിന്റെ അധ്യക്ഷതയില്‍ ക്രിസോസ്റ്റോമിനെ എതിര്‍ത്തിരുന്ന 36 ബിഷപ്പുമാര്‍ ഒരു സീനഡ് യോഗം ചേര്‍ന്നു. ക്രിസോസ്റ്റോമിനെ പാത്രിയാര്‍ക്കീസ് സ്ഥാനത്തു നിന്നു നീക്കം ചെയ്യാന്‍ തീരുമാനിച്ചു. ഇക്കാലത്ത് ആര്‍ക്കേഡിയസ് ചക്രവര്‍ത്തിയും യൂദോക്സിയ രാജ്ഞിയും ക്രിസോസ്റ്റോമിനെതിരെ തിരിഞ്ഞു. തന്റെ കത്തീഡ്രലിനു മുന്‍വശത്ത് രാജ്ഞിയുടെ വെള്ളിപ്രതിമ സ്ഥാപിച്ചതിനെ ക്രിസോസ്റ്റോം നിശിതമായി വിമര്‍ശിച്ചു. ഇതിന്റെ ഫലമായി എ.ഡി. 404 ജൂണ്‍ 24-ന് ജോണ്‍ ക്രിസോസ്റ്റോമിനെ ഇസ്താംബൂളില്‍ നിന്നു നാടുകടത്തുവാന്‍ ചക്രവര്‍ത്തി ഉത്തരവിട്ടു.

നാടുകടത്തപ്പെട്ടതിനു തൊട്ടു മുമ്പ് ക്രിസോസ്റ്റോം നീതിക്കുവേണ്ടി അന്നത്തെ മാര്‍പ്പാപ്പയായിരുന്ന ഇന്നസെന്റ് I-നോട് അഭ്യര്‍ഥിച്ചു. അന്വേഷണത്തില്‍ ക്രിസോസ്റ്റോം നിരപരാധിയാണെന്നു തെളിഞ്ഞതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെമേലുള്ള ശിക്ഷണ നടപടികള്‍ നിര്‍ത്തിവയ്ക്കുവാന്‍ പൌരസ്ത്യ റോമാചക്രവര്‍ത്തിയോടു മാര്‍പ്പാപ്പ അഭ്യര്‍ഥിച്ചെങ്കിലും ചക്രവര്‍ത്തി ക്രിസോസ്റ്റോമിനെ അര്‍മേനിയയുടെ അതിര്‍ത്തിയിലുള്ള കാക്കസ്സസ് (Cacusus) എന്ന സ്ഥലത്തേക്കു നാടുകടത്തി. നാടുകടത്തപ്പെട്ടതിനു ശേഷവും ആരാധകര്‍ക്കിടയില്‍ ക്രിസോസ്റ്റോമിന്റെ പ്രശസ്തി വര്‍ധിച്ചതേയുള്ളൂ. ഇതില്‍ കുപിതരായ ആര്‍ക്കേഡിയസ് ചക്രവര്‍ത്തിയും കൂട്ടരും മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ക്രിസോസ്റ്റോമിനെ കരിങ്കടലിനക്കരെ വിദൂരമായ പിത്തിയൂസ് (Pityus) എന്ന സ്ഥലത്തേക്കു നാടുകടത്തി. യാത്രാമധ്യേ ക്രിസോസ്റ്റോം അന്തരിച്ചു (407).

എ.ഡി. 438-ല്‍ തെയോഡോഷ്യസ് II ചക്രവര്‍ത്തി ക്രിസോസ്റ്റോമിന്റെ ഭൗതികശരീരത്തെ. ഇസ്താംബൂളിലേക്ക് കൊണ്ട് വന്ന് അപ്പോസ്തലന്മാരുടെ പള്ളിയില്‍ സംസ്കരിച്ചു. 1204-ല്‍ ഈ ഭൗതികശരീരം ഇവിടെ നിന്നു മാറ്റി റോമില്‍ കൊണ്ടുവന്നു സെന്റ് പീറ്റേഴ്സ് ബസ്ലിക്കയില്‍ സംസ്കരിച്ചു. സഭാഭരണാധികാരിയും പ്രഭാഷകനും എന്നതിലുപരി ഒരു ഗ്രന്ഥകാരന്‍ കൂടിയായിരുന്ന ഇദ്ദേഹം ഭക്തി ഉത്തേജിപ്പിക്കുന്നതിനുപയുക്തമായ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ആറുഭാഗങ്ങളുള്ള ദി ട്രീറ്റീസ് ഓണ്‍ ദി പ്രീസ്റ്റ്ഹുഡ് (The Treatise on the Priesthood) എന്ന ഗ്രന്ഥം ഇവയില്‍ പ്രത്യേകം ശ്രദ്ധേയമാണ്. ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ പലതും പില്ക്കാലത്തു പ്രസിദ്ധീകരിച്ചു. ബൈബിളിന്റെ ഭാഗങ്ങള്‍ക്ക് ജോണ്‍ ക്രിസോസ്റ്റോം നല്കിയിട്ടുള്ള വ്യാഖ്യാനങ്ങള്‍ വളരെ പ്രസിദ്ധങ്ങളാണ്.

(നേശന്‍ റ്റി. മാത്യു; വില്‍ഫ്രഡ് തോമസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍